പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇനി നാല് രാപ്പകലുകൾ.
തിരുവമ്പാടി ക്ഷേത്രത്തിലും പിന്നെ പാറമേക്കാവിലും കൊടി ഉയരുന്നതോടെ പൂരനാളിനു വേണ്ടിയുള്ള കാത്തിരിപ്പാണ്.
23-04 2018 തിങ്കളാഴ്ച്ച ആനച്ചമയങ്ങളായ കോലം നെറ്റിപ്പട്ടം ആലവട്ടം വെഞ്ചാമരം കുടകൾ എന്നിവയുടെ പ്രദർശനവും സാമ്പിൾ വെടിക്കെട്ടും നടക്കും.
25.04.2018 ബുധനാഴ്ച ലോകപ്രസിദ്ധമായ വെടിക്കെട്ടും 26 ന് പകൽപ്പൂരം
200 വർഷങ്ങളുടെ ഓർമ്മപ്പെരുക്കങ്ങളുണ്ട് തൃശൂർ പൂരപെരുമയ്ക്ക്.108 ക്ഷേത്രങ്ങളിലെ പൂര വരവുകൾ പങ്കെടുത്തിരുന്ന ആറാട്ടുപുഴ പൂരത്തിലേക്ക് 200 വർഷങ്ങൾക്കു മുൻപ് പെട്ടെന്നുണ്ടായകാറ്റും പേമാരിയും കൊണ്ട്പാറമേക്കാവ്, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ട്കാവ്, നെയ്തലക്കാവ്, കണിമംഗലം ദേശക്കാരുടെ വരവ് പൂരങ്ങൾക്ക് പങ്കെടുക്കാനായില്ല. അതോടെ അവരെ ആറാട്ടുപുഴ പൂരത്തിൽ നിന്ന് ഭ്രഷ്ടരാക്കി.
ഇതറിഞ്ഞ കൊച്ചി രാജാവ്, സാംസ്കാരിക തലസ്ഥാനത്തിന്റെ ശില്പി എന്നറിയപ്പെടുന്ന രാമവർമ്മ ശക്തൻ തമ്പുരാൻ വടക്കുംനാഥ ക്ഷേത്രത്തെ കേന്ദ്ര ബിന്ദുവാക്കി ചുറ്റുമുള്ള തേക്കിൻകാട് വൃത്തിയാക്കി തൃശൂർ പൂരത്തിന് തുടക്കം കുറിച്ചു. മേടമാസത്തിലെ പൂരം നക്ഷത്രത്തിൽ
ഇന്ന്, കുടമാറ്റം, ഇലഞ്ഞിത്തറമേളം, പൂരപ്പുറപ്പാട്, മഠത്തിൽ വരവ്, തെക്കോട്ടിറക്കം, വെടിക്കെട്ട് ഇങ്ങിനെ എല്ലാ പൂരച്ചടങ്ങുകളും ലോകം മുഴുവൻ പ്രസിദ്ധമാണ്. തൃശൂർ നഗരമദ്ധ്യത്തിലെ വടക്കുംനാഥ ക്ഷേത്രവും ചുറ്റുമുള്ള 65 ഏക്കറിൽ പരന്നു കിടക്കുന്ന തേക്കിൻകാട് മൈതനവുമാണ് പൂരപ്രദേശം. കുടമാറ്റത്തിലും വെടിക്കെട്ടിലും തിരുവമ്പാടി പാറമ്മേക്കാവ് ദേശക്കാരാണ് പങ്കെടുക്കുക.
ലാലൂർ കാർത്യായനി ക്ഷേത്രം, കണിമംഗലം ശാസ്താ ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം ചൂരക്കാട്ടുകര ഭഗവതി ക്ഷേത്രം, കുറ്റൂർ നെയ്തലക്കാവ് ഭഗവതി ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ക്ഷേത്രം, ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം, പനമുക്കും പിളളി ശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള പൂര വരവുകളും ഇവിടെ എത്തിച്ചേരും.
പൂര ദിവസത്തെ സൗകര്യങ്ങൾ
കോഴിക്കോട്, ചാവക്കാട് ,ഗുരുവായൂർ റോഡുകളിലൂടെ വരുന്നവർക്ക് MG റോഡ് വഴി പടിഞ്ഞാറേ നടയിൽ എത്തിച്ചേരാം. ഷൊർണ്ണൂർ, ഒറ്റപ്പാലം, വടക്കാഞ്ചേരി ,തിരുവില്വാമല ഭാഗത്തുള്ള റോഡുവഴി വരുന്നവർ ഷൊർണ്ണൂർ റോഡുവഴി വടക്കേനടയിൽ എത്തിച്ചേരാം മണ്ണുത്തി ദേശീയ പാതയിലൂടെ വരുന്നവർ കോളേജ് റോഡ് വഴി കിഴക്കേ നടയിലെത്തിച്ചേരാം തൃപ്രയാർ ,ഇരിങ്ങാലക്കുട ,കൊടുങ്ങല്ലൂർ ഭാഗത്തുനിന്ന് തെക്കെ നടയിലേക്കും എത്തിച്ചേരാം. ഇരുചക്രവാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം തിരുവമ്പാടി ക്ഷേത്രത്തിനടുത്തും ശക്തൻ തമ്പുരാൻ ബസ് സ്റ്റാന്റിനടുത്തും, തൃശൂർ റെയിൽവേ സ്റ്റേഷനിലും ഉണ്ടാവും. വാഹനങ്ങളുടെ ബാഹുല്യം പരിഗണിച്ച് നേരത്തെ എത്തിച്ചേരുന്നവർക്ക് സൗകര്യങ്ങൾ കുതൽ ഉപയോഗയോഗ്യമാവും. കാറുകൾക്കും മറ്റും റെയിൽവേ സ്റ്റേഷനിലെയും ശക്തൻ സ്റ്റാന്റിലെയും പാർക്കിംഗ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം. ഹോട്ടൽ പത്താനിൽ നിന്നാൽ കുടമാറ്റവും ഹോട്ടൽ എലൈറ്റിൽ നിന്നാൽ വെടിക്കെട്ടും ഹോട്ടൽ സമ്പൂർണ്ണയിൽ നിന്നാൽ മഠത്തിൽ വരവും നന്നായി കാണാനാകും
തൃശൂർ കോർപ്പറേഷന്റെ സഹകരണത്തോടെ 50 വർഷത്തിലേറെയായി നടന്നു കൊണ്ടിരിക്കുന്ന പൂരം എക്സിബിഷനും പ്രധാന ആകർഷണമാണ്. 5 ലക്ഷത്തിലേറെ ആളുകൾ ഇവിടുള്ള സ്റ്റാളുകൾ സന്ദർശിക്കാറുണ്ടത്രെ.